• myspiritualvoice2025@gmail.com

சங்கீதம் - 4

பழைய ஏற்பாடு

Header
shape
பழைய ஏற்பாடு
சங்கீதம் - 4

1. എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപതോന്നി എന്റെ പ്രാർത്ഥന കേൾക്കേണമേ.

2. പുരുഷന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ.

3. യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിൻ; ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.

4. നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൌനമായിരിപ്പിൻ. സേലാ.

5. നീതിയാഗങ്ങളെ അർപ്പിപ്പിൻ; യഹോവയിൽ ആശ്രയം വെപ്പിൻ.

6. നമുക്കു ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേൽ ഉദിപ്പിക്കേണമേ.

7. ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.

8. ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.